Tuesday, May 10, 2022

ശബരിമല ദർശനം മകൾക്കൊപ്പം

വൃശ്ചിക പുലരിയിൽ തുടങ്ങി 41 ദിവസത്തെ വൃതം ... നിത്യവും രാവിലെയും വൈകുന്നേരവും പമ്പയിൽ കുളിച്ചു അയ്യപ്പന്റെ ശബരിമലയിലേക്കുള്ള യാത്രയിൽ വിശ്രമിച്ചു എന്ന് വിശ്വസിക്കുന്ന പാറയിൽ തൊട്ടുവണങ്ങി ശരണം വിളിച്ചു 10 ആം വയസിൽ തുടങ്ങിയ ശബരിമല യാത്ര.... പിന്നീട് മണ്ഡലകാലത്തോ മകരവിളക്ക് കാലത്തോ ശബരിമലയാത്ര പതിവായി ഇടയ്ക്കിടെ ഒന്നോ രണ്ടോ വർഷങ്ങൾ യാത്ര മുടങ്ങിയിട്ടും ഉണ്ട്.. പുതിയ മേച്ചിൽപുറങ്ങൾ തേടി ബാംഗ്ലൂർക്കു പോകുന്നതിനു മുൻപുള്ള ശബരിമല യാത്രയാണ് കൂടുതൽ ഓർമ്മയിൽ നിൽക്കുന്ന യാത്ര, വീട്ടിൽ നിന്ന് 14-15 മണിക്കൂർ നടന്നു യാത്ര ചെയ്ത ശബരിമല ദർശനം ... അന്യനാട്ടുകാർ കേരളത്തിൽ എവിടെ എന്ന് ചോദിക്കുമ്പോൾ ശബരിമല സ്ഥിതിചെയ്യുന്ന ജില്ല എന്നു പറയുന്ന മറുപടി എന്നും കുളിർമയുള്ള ഓർമകളാണ്...ആദ്യ ശബരിമല യാത്ര അച്ഛനോടൊപ്പമായിരുന്നു. പിന്നീട് മൂന്നോ നാലോ തവണ അച്ഛനോടൊപ്പം ശബരിമലയാത്ര നടത്തിയിട്ടുണ്ട്.
ഒൻപതു വർഷങ്ങൾക്കു മുൻപ് ഒരച്ഛനായപ്പോൾ ആഗ്രഹിച്ചതുപോലെ മകളെയും കൂട്ടി ശബരിമല ദർശനം നടത്താൻ കഴിയുന്നതാണ് അയ്യപ്പവിശ്വാസിയായ ഒരു അച്ഛന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. മകൾ ജനിച്ചതിനു ശേഷം അഞ്ചു തവണ ശബരിമലക്ക് പോകുമ്പോൾ അടുത്തവർഷം മകളെ കൊണ്ടുപോകാം എന്ന് പറഞ്ഞു ഓരോവർഷവും പോയി...അപ്രതീക്ഷിതമായി കൊറോണയും അതിനു ശേഷമുള്ള നാളുകളും ഇനിയൊരു ശബരിമല യാത്ര സാധ്യമാവുമോ എന്നുവരെ ചിന്തിച്ച തുടങ്ങിയ സമയം....ഒടുവിൽ അടുത്ത മണ്ഡലകാലംവരെ കാത്തിരിക്കേണ്ട വിഷുവിനോട് അനുബന്ധിച്ചു നടതുറക്കുമ്പോൾ മകളെയും കൂട്ടി ദർശനം നടത്തം എന്ന് തീരുമാനിച്ചു മാർച്ച് 1 മുതൽ ആരംഭിച്ചു 41 ദിവസം നീണ്ടുനിന്ന വൃതാനുഷ്ടാനങ്ങളോടുകൂടി ഏപ്രിൽ 11 പുലർച്ചെ ഇരുമുടികെട്ടുകൾ നിറച്ചു ശബരിമലയിലേക്ക് യാത്രതിരിച്ചു.
7 മണിക്ക് എരുമേലി അയ്യപ്പ ക്ഷേത്രത്തിൽ തൊഴുതു വാവരുപള്ളിയിൽ കാണിക്കായിട്ട് യാത്ര തുടർന്നു . ഏകദേശം 9 മണിയോടു കൂടി പമ്പയിലെത്തി, പമ്പയിൽ കുളിച്ചു പ്രഭാതഭക്ഷണത്തിനു ശേഷം 11 മണിയോടു കൂടി ഗണപതി നടയിൽ നാളീകേരമുടച്ചു പമ്പാഗണപതിയെ വണങ്ങി ശരണമന്ത്രങ്ങളുമായി മലകയറി തുടങ്ങി.. നീലിമല കയറി 5 മിനിറ്റ് വിശ്രമം ... അപ്പാച്ചിമേട്ടിൽ അരിയുണ്ട എറിഞ്ഞതിനു ശേഷം അടുത്ത വിശ്രമം, ആദ്യമായി ഇത്രയും മലകയറിയത്തിന്റെ ക്ഷീണം മകൾക്കുണ്ടായിരുന്നെങ്കിലും വഴിയരുകിൽ നിന്നുവാങ്ങിയ തണ്ണിമത്തൻ കഴിച്ചു ക്ഷീണമകറ്റി ബുദ്ധിമുട്ടുകൂടാതെ യാത്രതുടർന്നു.
കന്നി അയ്യപ്പൻറെ വരവറിയിക്കുന്ന ശരംകുത്തിയിൽ 'ശരം' കുത്തി അൽപനേരം വീണ്ടും വിശ്രമം, കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുത്തിരുന്ന സ്വാമി പറഞ്ഞു 12 മണി ആയി , 1 മണിക്ക് നട അടക്കും വേഗം പോയാൽ ഉച്ചക്കും മുൻപ് ദർശനം നടത്തം. വേനൽ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി, കാറ്റു കുറച്ചു ശക്തമായി തുടങ്ങി, കുറച്ചു വേഗത്തിൽ യാത്ര തുടങ്ങി.. മരകൂട്ടത്തിലെ കാട്ടുകുരങ്ങൻമാരെയും കണ്ടു 12:40 ശബരിമല സന്നിധാനത്തിൽ എത്തി, നടപന്തലിൽ എത്തി ഇരുമുടികെട്ടഴിച്ചു, പതിനെട്ടാം പടിയുടെ താഴെ ഉടക്കുവാനുള്ള നാളികേരമെടുത്തുകൊണ്ടിരിക്കുമ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു വേഗം പോയാൽ ഇപ്പോൾ ദർശനം നടത്തം. ഇരുമുടിക്കെട്ടുമേന്തി ദർശനത്തിനായി തുടങ്ങുമ്പോൾ മഴപെയ്തു തുടങ്ങി, മകളെയും കൂട്ടി നാളികേരമുടച്ചു ശരണമന്ത്രങ്ങളുമായി പരിപാവനമായ 18 പടികളും തൊട്ടുവണങ്ങി നടക്കൽ എത്തിയപ്പോൾ അതിശക്തമായ മഴ , അതുകാരണം തിരക്കില്ലാതെ ദർശനം നടത്തി. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അപൂർവ ഭാഗ്യമാണ് ഒരിക്കൽ മാത്രമാകുന്ന കന്നി അയ്യപ്പൻ കന്നിമലകാലം ജീവിതത്തിന്റെ പൂക്കാലമാണ് .. ഭഗവാന്റെ അനുഗ്രഹത്താൽ മകളും അതിന്റെ ഭാഗമായി....ആദ്യ ദർശനത്തിനു ശേഷം മഴമാറാൻ വേണ്ടി കത്ത് നിന്നപ്പോൾ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു പറഞ്ഞു ഇനി ആർക്കെങ്കിലും ദർശനം നടത്തണമെങ്കിൽ വരാം ഇതുപോലെ അടുത്ത് നിന്ന് തിരക്കില്ലാത്ത ദർശനം നടത്തുവാനുള്ള ഭാഗ്യം അപൂർവമാണ്. മഴയിൽ കുതിർന്നു ഒന്നുകൂടി ഭഗവാനെ തൊഴുത്, നെയ്തോണിയിൽ നെയ്യൊഴിച്ചു അഭിഷേകം ചെയ്ത നെയ്യും വാങ്ങി മാളികപ്പുറത്തമ്മയുടെ നടയിലേക്കുള്ള വഴിയരുകിൽ അൽപനേരം വിശ്രമിച്ചു. പിന്നീട് അവിടെ നിന്നിറങ്ങി ആര്യാസിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചിറങ്ങിയപ്പോൾ മഴ ചെറുതായി കുറഞ്ഞു തുടങ്ങി, പിന്നെ ചെറുതായി ഒന്ന് ചുറ്റിനടന്നു കണ്ടു.
ഭഗവാന്റെ പ്രസാദമായ അപ്പവും അരവണയും വാങ്ങി, പതിനെട്ടാം പടിയുടെ താഴെ കുറച്ചു സമയം വിശ്രമിച്ചു, 4 :30 ആയപ്പോൾ ഇരുമുടി കെട്ടില്ലാത്ത ദർശനം നടത്തുന്നതിനുള്ള ക്യൂവിൽ കയറി അല്പം തിരക്കുണ്ടായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ജയവിജയന്മാരുടെ ശ്രീകോവിൽ നടതുറന്നു ... എന്ന് തുടങ്ങുന്ന പാട്ടുകേട്ടുതുടങ്ങി..ക്യൂ നീങ്ങി തുടങ്ങി ഭഗവാനെ വീണ്ടും തൊഴുതുവണങ്ങി, തിരുനടയിൽ നെൽപറ നിറച്ചു അനുഗ്രഹം വാങ്ങി, കന്നിമൂല ഗണപതിയെയും വണങ്ങി മാളികപുറത്ത് എത്തി മാളികപ്പുറത്തമ്മയെയും വണങ്ങി ഇരുമുടിയിൽ കൊണ്ട്പോയ പൂജാസാധനങ്ങളും അരിയും പൂജയ്ക്കായി നൽകിയ ശേഷം വാവരു സ്വാമിയേയും വണങ്ങി നെയ്‌നിറച്ച കൊണ്ടുവന്നു നാളികേരം ആഴിയിൽ എറിഞ്ഞു എരിച്ചു മോക്ഷം കിട്ടിയെന്ന വിശ്വാസത്താൽ തിരികെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മലയിറങ്ങി തുടങ്ങി, ഇറങ്ങുമ്പോളും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. യാത്ര തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മഴശക്തമായി, വനമധ്യത്തിൽ കയറി നിൽക്കാൻ ഇടമില്ലാത്തതിനാൽ ഏകദേശം 30 മിനിറ്റ് കനത്ത കാഴ്ചയിൽ നടന്നു ശരംകുത്തിയിൽ ഉള്ള ചായക്കടയി കയറി , ചൂട് കാപ്പി കുടിച്ചു അലപനേരം കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു, വീണ്ടും യാത്ര തുടർന്നു. ഇടയ്ക്കു ഒന്നു രണ്ടു സ്ഥലങ്ങളിൽ അൽപനേരം വിശ്രമിച്ചു വീണ്ടും നടന്നു ഏകദേശം രാത്രി 8 മാണിയോട് കൂടി പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തി, ഭഗവാനെ തൊഴുതു വണങ്ങി മോദകം വാങ്ങി അടുത്ത മണ്ഡലകാലത്തു ദർശനം നടത്തുവാനുള്ള അനുഗ്രഹം ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ വാഹനം എത്തുന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിൽ എത്താൻ രാത്രി നിയന്ത്രണമുള്ളതിനാൽ കേരള ആർ ടി സി യിൽ കയറി നിലക്കൽ വാഹനം പാർക്ക് ചെയ്ത സ്ഥലത്തെത്തി.
ലഘുവായി ഭക്ഷണം കഴിച്ചു വീട്ടിലേക്കു യാത്രതിരിച്ചു പുലർച്ചെ 2:30 നു വീട്ടിലെത്തി നാളീകേരമുടച്ചു പൂജചെയ്തു മാലയൂരി, 42 ദിവസം നീണ്ടു നിന്ന ഭക്തിനിർഭരമായ കാലത്തിനു പര്യവസാനം കുറിച്ചു. ഓരോ ശബരിമല യാത്രകളും മനസിലും ജീവിതത്തിലും കൊണ്ടുവരുന്ന ഉണർവ് ... പുതിയ അറിവ് ..ഓർമ്മകൾ മത്സ്യ മാംസാദികൾ വർജ്ജിച്ച് ലൗകിക സുഖങ്ങൾ ത്യജിച്ചുള്ള അനുഭവങ്ങൾ ..പാഠങ്ങൾ ..അതിജീവന രഹസ്യങ്ങൾ ...അങ്ങനെ എന്തൊക്കെയാണ്... ഓരോ ശബരിമലയാത്രയുടെ അവസാനവും ചിന്തിച്ചു തുടങ്ങുന്നത് അടുത്ത യാത്രയുടെ തുടക്കമാണ്....
സ്വാമിയേ ശരണമയ്യപ്പ ...🙏 ആർക്കും ബുദ്ധിമുട്ടില്ലാത്തവിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടാണ് ലോകം വൈവിധ്യപൂർണ്ണമാകുന്നത് 🙏🙏🙏

No comments: